അഹമ്മദാബാദ്: ചിരിച്ചു കൊണ്ട് വിഡിയോ എടുത്ത് തൊട്ട് പിന്നാലെ സബർമതി നദിയിൽ ചാടി 23–കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണ സംഭവം നടന്നത്. താൻ ചെയ്യാൻ പോകുന്നതിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്നു. അയിഷ ആരിഫ് ഖാൻ എന്ന യുവതിയാണ് വിഡിയോക്ക് പിന്നാലെ നദിയിൽ ചാടിയത്.
ഭർത്താവുമായി പിരിഞ്ഞുള്ള ജീവിതം സഹിക്കാനാകാതെയാണ് അയിഷ മരിക്കാൻ തീരുമാനിച്ചത്. മരിക്കുന്നതിന് മുമ്പ് വിഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്തു. എന്നാൽ അയിഷെ സമാധാനിപ്പിക്കുന്നതിന് പകരം എന്താന്ന് വച്ചാൽ ചെയ്യാനാണ് പറഞ്ഞത്. ഇതോടെ സബർമതി നദിയിലേക്ക് ചാടുകയായിരുന്നു അവർ.
എന്റെ പേര് അയിഷ. ഇപ്പോൾ ഞാൻ ചെയ്യാൻ പോകുന്നത് എന്റെ മാത്രം തീരുമാനമാണ്. ആരും എന്നെ പ്രേരിപ്പിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ഒന്നും പറയാനില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ്സ് മാത്രമാണ് നൽകിയത്. ആരിഫിന്( ഭർത്താവ്) സ്വാതന്ത്ര്യം വേണം. ഞാൻ അദ്ദേഹത്തിന് അത് നൽകുന്നു. അല്ലാഹുവിന്റെ അടുത്തേക്ക് പോകുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അവിടെയെത്തി ഞാൻ ചോദിക്കും എന്തായിരുന്നു ഞാൻ ചെയ്ത തെറ്റെന്ന്.
ഒരു കാര്യം ഞാൻ പഠിച്ചു; നിങ്ങൾ സ്നേഹിക്കപ്പെടണമെങ്കിൽ നിങ്ങളും സ്നേഹിക്കണം. ഒരു വശത്ത് നിന്ന് മാത്രമുള്ള സ്നേഹത്തിൽ നിന്ന് ഒരു ലാഭവും ഉണ്ടാകില്ല. ഞാൻ കാറ്റ് പോലെയാണ്. എനിക്ക് ഒഴുകണം. ഇന്ന് ഞാൻ സന്തോഷവതിയാണ്. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും സ്മരിക്കുക. ഞാൻ സ്വർഗത്തിലേക്ക് പോകുമോ എന്ന് അറിയില്ല’. വിഡിയോയിലൂടെ അയിഷ പറയുന്ന അവസാന വാക്കുകളാണിത്.
അയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത് 2018–ലാണ്. തുടർന്ന് കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.