കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: കൊറോണയുടെ പഞ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർധനവാണ് ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വ്യക്തമാക്കി. കേരളം, പഞ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. 2016ല്‍ 21,794 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.

ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറപ്പെടുവിക്കും. മാർച്ച് 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ആണ് പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.

കേരളം, പഞ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലായി ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.