തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.2014ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ അവാർഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിൻ്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത എന്നിവയാണ് പ്രധാന കൃതികൾ.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചു.