കൊച്ചി: മരടില്‍ അനധികൃത ഫ്ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മരട് മുന്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറട്രേറ്റ് അന്വേഷണം. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് പിന്നാലെയുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. ജയിന് ഹൗസിംഗ് ഉടമയായ സന്ദീപ് മേത്തയേയും ചില ജീവനക്കാരേയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ പ്രാഥമിക അനുമതിക്കായി ആദ്യ തുകയായ അഞ്ച്ലക്ഷം രൂപ ഭരണസമിതിക്ക് നല്‍കിയെന്ന് ചില ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സന്ദീപ് മേത്തയെ ചോദ്യം ചെയ്തത്. സിപിഎം നേതാവ് കെഎ ദേവസി ഉള്‍പ്പെട്ട ഭരണസമിതിക്കെതിരെയാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി ഫ്ളാറ്റ് നിര്‍മ്മാതാക്കളെ ഇഡി ചോദ്യം ചെയ്തു. നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനായി ഭരണസമിതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യുന്നത്.പൊളിച്ച രണ്ട് ഫ്ളാറ്റുകളുടേും നഷ്ടപരിഹാര തുകയുടെ 50 % നല്കാന് നിര്‍മ്മാതാക്കളോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ആറാഴ്ച്ചക്കുള്ളില്‍ തുക കെട്ടിവെച്ചാല്‍ കണ്ടുകെട്ടിയ ആസ്തികള്‍ വില്ക്കാന് അനുമതി നല്‍കുമെന്ന് ബെഞ്ച് വ്യക്തമാക്കി.