ഇടുക്കിയിൽ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം: കൃഷികളും കടകളും നശിപ്പിച്ചു

ഇടുക്കി: ഹൈറേഞ്ചിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനകളുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ എത്തിയ കാട്ടാന വാഴകൃഷിയും പെട്ടിക്കടയും നശിപ്പിച്ചു. ഇതിനൊരു പരിഹാരം കണ്ടെത്താൻ വനപാലകര്‍ തയ്യാറായില്ലെങ്കിൽ ഓഫീസുകളിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റർ പറഞ്ഞു.

കാടിറങ്ങിയ ഒറ്റയാന മൂന്നാറിലെ വിവിധ ജനവാസമേഘലകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ചുറ്റിക്കറുങ്ങുകയാണ്. മൂന്നാര്‍ ടൗണിലും പെരിയവാരൈ മൈതാനത്തും വിവിധ എസ്റ്റേറ്റ് ലയങ്ങളിലും കയറിങ്ങിനടക്കുന്ന ആനയെ വനംവകുപ്പ് കാടുകയറ്റാന്‍ നാളിതുവരെ തയ്യറായിട്ടില്ല. ലോക്ക്ഡൗൺ കാലത്ത് മൂന്നാറിലെത്തിയ ആന ടൗണിലെ പഴയക്കടകള്‍ നാലോളം പ്രാവശ്യമാണ് നശിപ്പിച്ചത്.

പതിനായിരക്കണക്കിന് രൂപയുടെ നഷ്ടംമുണ്ടായി. ഇതുവരെയും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ എം ജി കോളനിയും ഇക്കാനഗറിലും പടയപ്പയെന്ന ഒറ്റയാന്‍ എത്തിയത്. ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഷെഡുകള്‍ നിര്‍മ്മിച്ചാണ് പലരും ഇവിടെ താമസിക്കുന്നത്. രാത്രി രണ്ടുമണിയോടെ എത്തിയ ഒറ്റയാന്‍ സമീത്തെ വാഴ ക്യഷിയും പെട്ടിക്കടയും നശിപ്പിക്കുകയും ചെയ്തു.

ജീവന്‍ പണയപ്പെടുത്തിയാണ് രാത്രിയില്‍ കിടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെത്തിയ കാട്ടാനയെ പടക്കം പൊട്ടിച്ചാണ് അധിക്യതര്‍ ഓടിച്ചത്. മൂന്നാറിലെ വിവിധ ജനവാസമേഖലകളില്‍ അക്രമം നടത്തുന്ന വന്യമ്യഗങ്ങളെ കാടുകയറ്റാന്‍ വനപാലകര്‍ നിസംഗത തുടരുകയാണ്.

മന്ത്രിമാരടക്കം പങ്കെടുക്കുന്ന അദാലത്തുകളില്‍ പ്രശ്‌നപരിഹാരത്തിനായി കര്‍ഷകര്‍ എത്തുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ് പതിവ്.