തിരുവനന്തപുരം: യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് കാപ്പൻ്റെ പുതിയ പാർട്ടിയുടെ പേര്. തിരുവനന്തപുരത്ത് വച്ചാണ് കാപ്പൻ തൻ്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. കാപ്പൻ തന്നെയാണ് പാർട്ടിയുടെ പ്രസിഡൻ്റ്.
ബാബു കാർത്തികേയനാണ് വർക്കിങ് പ്രസിഡന്റ്. സുൾഫിക്കർ മയൂരിയും പി.ഗോപിനാഥുമാണ് വൈസ് പ്രസിഡൻറുമാർ. സിബി തോമസ് ട്രഷറർ. 11 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എൻസിപിയിൽനിന്നുള്ള നേതാക്കളാണു തന്നോടൊപ്പമുള്ളതെന്നു മാണി സി.കാപ്പൻ പറഞ്ഞു.
കാപ്പൻ സ്വന്തമായി പാർട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹം കോൺഗ്രസിൽ ചേരും എന്ന തരത്തിലുള്ള പ്രചാരണത്തിന് അവസാനമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കോൺഗ്രസ് അംഗത്വം നൽകി കൈപ്പത്തി ചിഹ്നത്തിൽ മാണി സി കാപ്പനെ പാലായിൽ മത്സരിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.
സ്വന്തം പാർട്ടിയുമായി യുഡിഎഫിൽ ഘടകകക്ഷിയായി ചേരാനാണ് കാപ്പൻ താത്പര്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പാലായിൽ ജയിക്കാനാവില്ലെന്ന് കാപ്പൻ മുല്ലപ്പള്ളിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയായി യുഡിഎഫിൽ ചേരണമെന്ന കാപ്പൻ്റെ ആഗ്രഹത്തെ പിന്തുണച്ചിരുന്നു.
എല്‍ഡിഎഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയതെന്നും കാപ്പന് പറഞ്ഞു. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണു പ്രതീക്ഷ. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടും. 3 തിരഞ്ഞെടുപ്പിൽ മാണിയെ നേരിട്ട താൻ അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴ്ത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും നഷ്ടപ്പെട്ട് എൽഡിഎഫ് വെൻറിലേറ്ററിൽ കിടക്കുമ്പോഴാണ് പാലാ താൻ തിരിച്ചു പിടിക്കുന്നത്. അത് തന്റെ മാത്രം നേട്ടമല്ല, എൽഡിഎഫിന്റെ കൂട്ടായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.