തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയ തിരിമറിക്ക് ശിക്ഷിക്കപെട്ടയാളും പുനഃസംഘടിപ്പിക്കപ്പെട്ട ശിശുക്ഷേമ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ. അടുത്ത മൂന്ന് വർഷങ്ങളിൽ ഒഴിവുവരുന്ന ജൂവനയിൽ ജസ്റ്റിസ് ബോർഡിലും ശിശുക്ഷേമകമ്മിറ്റിയിലും ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സ്റ്റാറ്റ്യൂട്ടറി ബോർഡിലാണ് സിപിഎം സഹയാത്രികരെ തിരക്കിട്ട് നിയമിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
റിട്ടയേർഡ് ജസ്റ്റിസ് വികെ മോഹനനാണ് ചെയർമാൻ. സിപിഎം നിയന്ത്രണത്തിലുള്ള ബാലസംഘത്തിെൻ്റെ രക്ഷാധികാരിയായ നാരായണദാസും കമ്മിറ്റിയിലുണ്ട്. പരീക്ഷാ മൂല്യനിർണയത്തിൽ നിയമ വിദ്യാർഥികൾക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചു പരാജയപ്പെടുത്തിയതിനെതുടർന്ന് സർക്കാർ നിർദേശ പ്രകാരം സർവ്വകലാശാല ശിക്ഷാനടപടി കൈകൊണ്ട റിട്ടയർ ചെയ്ത അധ്യാപകനായ സുഹൃത്കുമാറാണ് കമ്മിറ്റിയിലെ മറ്റൊരംഗം.
ആരോഗ്യ സർവകലാശാല വിസി യായി നിയമിക്കുവാൻ സർക്കാർ ഒന്നാം പേരുകാരനായി ശുപാർശ ചെയ്തുവെങ്കിലും ഗവർണർ തള്ളിക്കളഞ്ഞ ഡോ. പ്രവീൺലാലും, കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അംഗം സബിത ബീഗവുമാണ് മറ്റ് അംഗങ്ങൾ.
മൂന്നു വർഷമാണ് സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിൽ ജൂവനയിൽ ബോർഡിലും ശിശുക്ഷേമ സമിതിയിലും ഒഴിവു വരുന്ന അംഗങ്ങളെ ഈ സമിതിയായിരിക്കും തെരഞ്ഞെടുക്കുന്നത്. നേരത്തേ ബാലാവകാശകമ്മീഷനും വനിതാകമ്മീഷനും യുവജന കമ്മീഷനും രാഷ്ട്രീയവൽക്കരിച്ചതിന് തൊട്ടുപിന്നാലെയാണീ വിവാദ നിയമനം.
ചെയർമാൻ ഉൾപ്പെടെയുള്ള സമിതിയിലെ എല്ലാ അംഗങ്ങളും പൂർണമായും സിപി.എം സഹയാത്രികരാണെന്ന് വിമർശനം ശക്തമായിക്കഴിഞ്ഞു. നിഷ്പക്ഷമായിരിക്കേണ്ട ജ്യൂവനയിൽ ജസ്റ്റിസ് ബോർഡിലും ശിശുക്ഷേമ സമിതിയിലും പൂർണമായും സിപിഎം അംഗങ്ങളെ തന്നെ ഭാവിയിലും നിയമിക്കുന്നതിനാണ് കാലാവധി കഴിയുന്ന സർക്കാർ തിരക്കിട്ട് സ്റ്റാറ്റുട്ടറി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതെന്നാണ് ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ എസ് ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.