കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി; 5,000 കോടിയുടെ കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 5,000 കോടിയുടെ കരാറുണ്ടാക്കി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ധാരണയിലെത്തിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരള സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രീംഗ്ളർ, ഇ- മൊബിലിറ്റി അഴിമതികളേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കരാർ ഒപ്പിടും മുമ്പ് എൽഡിഎഫിലോ മന്ത്രിസഭയിലേ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തിട്ടില്ല. വൻകിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ്.

2018ൽ ന്യൂയോർക്കിൽ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ തുടർ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാർ. പദ്ധതി തയ്യാറാക്കുന്നതിനായി 2019ൽ മത്സ്യനയത്തിൽ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടർ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.