ഇഷ്ടക്കാരെ തിരുകി കയറ്റാൻ പിഎസ്സിക്കുവിട്ട തസ്തികയിൽ തിടുക്കത്തിൽ നിയമനം; കേരള സർവ്വകലാശാലയിലേക്ക് യൂത്ത്കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പിഎസ്സിക്കുവിട്ട തസ്തികയിലേക്ക് താൽക്കാലിക നിയമനം തിടുക്കപ്പെട്ട് നടത്തുന്നതിൽ പ്രതിഷേധിച്ച് കേരള സർവ്വകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെനറ്റ് ഹാളിലേയ്ക്ക് തള്ളി കയറി അഭിമുഖം തടസപ്പെടുത്തി.

സർവ്വകലാശാലയിലെ അനധ്യാപക തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്ന സെനറ്റ് ഹാളിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി കയറിയത്. ഹാളിനുള്ളിൽ കയറി അഭിമുഖം തടസ്സപ്പെടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം അഭിമുഖം തുടരുകയാണ്.