സർക്കാരിൻ്റെ മുതലെടുപ്പ് രാഷ്ട്രീയം; യാക്കോബായ സഭയുടെ തുറന്ന പിന്തുണയില്ല; നിർണായക രാഷ്ടീയ നിലപാടിന് സഭ; സഭാ വർക്കിങ് കമ്മിറ്റി ഇന്ന്

തിരുവനന്തപുരം: പളളിത്തർക്ക വിഷയത്തിൽ മുതലെടുപ്പ് രാഷ്ട്രീയം പയറ്റി സർക്കാർ യാക്കോബായ സഭയെ വഞ്ചിച്ചതായി ആക്ഷേപം. നിയമനിർമാണം വേണ്ടെന്ന സർക്കാർ തീരുമാനത്തോടെ നിർണായക രാഷ്ടീയ നിലപാടിന് ഒരുങ്ങുകയാണ് യാക്കോബായ സഭ. ബിഷപ്പുമാരും വിശ്വാസികളുടെ പ്രതിനിധികളുമടങ്ങിയ സഭാ വർക്കിങ് കമ്മിറ്റി യോഗം ഇന്ന് എറണാകുളം പുത്തൻകുരിശിൽ ചേരും. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് തുറന്ന പിന്തുണ നൽകേണ്ടതില്ലെന്നാണ് ശക്തമായ അഭിപ്രായം.

പളളിത്തർക്കത്തിൽ നിയമനിർമാണം പരിഗണനയിൽപ്പോലുമില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞെങ്കിലും യാക്കോബായ സഭ പ്രതീക്ഷയിലായിരുന്നു. മന്ത്രിസഭാ യോഗത്തിലും നിയമനിർമാണമില്ലെന്ന് ബോധ്യപ്പെട്ടതെടെയാണ് അടിയന്തര സഭാ വർക്കിങ് കമ്മിറ്റി വിളിച്ചുചേർത്തിരിക്കുന്നത്. സഭാ കേസ്, സെക്രട്ടറിയറ്റിന് മുന്നിലെ സമരം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ചർച്ച ചെയ്യാനാണ് യോഗം. നിലവിലെ സാഹചര്യത്തിൽ തുറന്ന പിന്തുണ സർക്കാരിന് നൽകേണ്ടതില്ല എന്നാണ് ധാരണ.

യുഡിഎഫിനോടും എൽഡിഎഫിനോടും സമദൂരം എന്ന നിലപാട് സഭാ നേതൃത്വം സ്വീകരിക്കും. മനസാക്ഷി വോട്ടുചെയ്യാൻ വിശ്വാസികളോട് ആവശ്യപ്പെടും. സഭയ്ക്ക് നി‍ർണായക സ്വാധീനമുളള കുന്നത്തുനാട് അടക്കമുളള മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി അടക്കമുളളവരുമായി കൈകോർക്കുന്നതും ആലോചിക്കുന്നുണ്ട്.

2016ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് സഭ പിന്തുണ നൽകിയിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ശക്തമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സദ ഏറെ പ്രതീക്ഷയോടെ ഇടതു പക്ഷത്തെ സഹായിച്ചു. എന്നിട്ടും പളളിത്തർക്കത്തിലെ നിർണായക ഘട്ടത്തിൽ തങ്ങളെ പരിഗണിക്കാത്ത സർക്കാരിനെ സഭാ വിശ്വാസികളുടെ ശക്തി ബോധ്യപ്പെടുത്തണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

ഇടഞ്ഞു നിൽക്കുന്ന സഭയെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ ഇടതു കേന്ദ്രങ്ങളും തുടങ്ങയിട്ടുണ്ട്. സർക്കാരിന്റെ കാലത്തോളം കോതമംഗലം അടക്കമുളള പളളികൾ കൈവിട്ടുപോകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്നാണ് വാഗ്ദാനം. ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നിയമ നിർമാണം നടത്താമെന്നുമാണ് സഭാ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ അനുഭവങ്ങളിൽ നിന്ന് ഇത് കണ്ണടച്ച് വിശ്വസിക്കാൻ സഭ തയ്യാറല്ല. ഇടതു സർക്കാരെന്നല്ല ആരായാലും സംഘർഷം ഒഴിവാക്കുന്ന നിലപാടേ സ്വീകരിക്കൂവെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.