കൊച്ചി: സവോളയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉള്ളി മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയർന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വർധന. ഏതാനും ദിവസങ്ങൾ കൂടി വിലവർധന തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ പ്രധാനമായും ഉള്ളി എത്തുന്നത്. നടീൽ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടിൽ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. വിളവെടുപ്പും വൈകുന്നതാണ് വിലവർധനയ്ക്ക് കാരണം.
ഇപ്പോൾ മൈസുരുവിൽ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതൽ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാൽ, തമിഴ്നാട്ടിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
വിലവർധനയെത്തുടർന്ന് ഉള്ളിയുടെ വിൽപ്പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്.സവാള വിലയും കൂടിയിട്ടുണ്ട്. 40-ൽ നിന്ന് 60 രൂപ വരെയാണ് വില ഉയർന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാൻ വൈകിയതിനാൽ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവർധന ഉണ്ടായിട്ടുണ്ട്.
മുമ്പ് വിലകൂടിയപ്പോൾ ഉള്ളിക്ക് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കർഷകരുടെ ആവശ്യത്തെ തുടർന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവർധനക്കിടയാക്കി.