പുതുച്ചേരിയിൽ കുതിരക്കച്ചവടം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു; അവിശ്വാസം ഉടൻ

പുതുച്ചേരി: കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നതിനിടെ പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു. ഭരണകക്ഷിയായ കോൺഗ്രസ്-ഡിഎംകെ ഇതോടെ പ്രതിസന്ധിയായി. കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജോൺകുമാർ ആണ് രാജിവച്ചത്. ഒരംഗം പോലുമില്ലാത്ത ബിജെപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ തകൃതിയായി നീക്കം നടത്തുന്നതിനിടെയാണ് കോൺഗ്രസ് അംഗത്തിൻ്റെ രാജി. ഇതോടെ നിയമസഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി.

പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമം തുടങ്ങി. രാഹുൽ ഗാന്ധി നാളെ പുതുച്ചേരി സന്ദർശിക്കാനിരിക്കെയാണ് എംഎൽഎയുടെ രാജി. ഈയിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നു. ജോൺ കുമാർ കൂടി രാജിവെച്ചതോടെ നിയമസഭയിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 13 ആയി.

നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും, മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്രനുമാണ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ശേഷിക്കെയാണ് എംഎൽഎമാർ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്.