സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി; കേ​ര​ളാ ബാ​ങ്കി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തുന്നത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: കേ​ര​ളാ ബാ​ങ്കി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. 1850 ദി​വ​സ​വേ​ത​ന-​ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. കേരള ബാങ്ക് ബോർഡ് യോഗം ചൊവ്വാഴ്ച സ്ഥിരപ്പെടുത്തൽ ചർച്ചചെയ്യാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഹൈ​ക്കോ​ട​തി ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ദി​വ​സ​വേ​ത​ന-​ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ നീ​ക്ക​മി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, സ്ഥി​ര​പ്പെ​ടു​ത്ത​ല്‍ ന​ട​ക്കു​ന്ന​തി​ന്‍റെ ക​ത്തി​ട​പാ​ടു​ക​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യോ​ട് കൂ​റു​ള്ള​വ​രെ​യാ​ണ് താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​ത്. ഇ​വ​രെ ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത് കേ​ര​ള സ​ഹ​ക​ര​ണ സൊ​സൈ​റ്റി നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണ്. പ​തി​മൂ​ന്ന് ജി​ല്ലാ ബാ​ങ്കു​ക​ളി​ലെ​യും ഒ​ഴി​വു​ക​ള്‍ നേ​ര​ത്തെ പിഎ​സ്സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നെ​ന്നും ല​യ​ന​ത്തി​നു​ശേ​ഷം ഇ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.

പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നു കണ്ണൂർ സ്വദേശിയും എംകോം ബിരുദധാരിയുമായ എ. ലിജിത്ത് ഹർജിയിൽ പറയുന്നു.