സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വിൽപന; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വിൽപന നടത്തിയ വിരുതൻ അറസ്റ്റിൽ. ഫറോക്ക് മണ്ണൂർ തൈക്കൂട്ടത്തിൽ സന്തോഷിനെ(49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂർ വളവിലെ വാടകവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. 2.89 ലക്ഷം രൂപയും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സർക്കാർ ലോട്ടറി ഫലം ദുരുപയോഗം ചെയ്ത് വ്യാജ ലോട്ടറി വിൽപന നടത്തിയതിനു ലോട്ടറി റഗുലേഷൻ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്. മണ്ണൂർ പ്രദേശങ്ങളിൽ വ്യാജ ലോട്ടറി വിൽപന വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് ഫറോക്ക് ഇൻസ്പെക്ടർ
കെ. കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്ന് അക്കനമ്പർ എഴുതി വാങ്ങിയാണ് വ്യാജ ലോട്ടറി വിൽപന നടത്തിയിരുന്നത്.

ഭാഗ്യക്കുറി ഫലം വന്ന ശേഷം നറുക്കെടുപ്പ് വിജയിയെ വാട്സാപ്പിലൂടെ അറിയിക്കുന്ന തരത്തിലായിരുന്നു വ്യാജ ലോട്ടറി പ്രവർത്തിച്ചത്. സന്തോഷിൽ നിന്നു ലോട്ടറി വാങ്ങുന്നവരെയും പ്രദേശത്തെ മറ്റ് ഏജന്റുമാരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.