കൊറോണ ചികിത്സയ്‌ക്ക് കൊച്ചിയിലും മരുന്ന് വികസിപ്പിച്ചു; ക്ലിനിക്കൽ പരീക്ഷണം വിജയകരം

കൊച്ചി: കൊറോണ ചികിത്സയ്‌ക്ക് കൊച്ചിയിലെ പിഎൻബി വെസ്‌പർ ലൈഫ് സയൻസ് കമ്പനി വികസിപ്പിച്ച ജിപിപി ബാലഡോൾ (പി.എൻ.ബി-001) മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം രോഗികളിൽ വിജയകരമായി പൂർത്തിയാക്കി. മരുന്ന് സുരക്ഷിതമാണെന്നും മികച്ച പുരോഗതി കണ്ടെന്നും പാർശ്വഫലങ്ങൾ ഉണ്ടായില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. റിപ്പോർട്ട് 22 ന് ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറലിന് (ഡി.സി.ജി.ഐ) സമർപ്പിക്കും.

പൂനെ ബിജെ ഗവ.മെഡിക്കൽ കോളേജ്, സാസൂൺ ജനറൽ ആശുപത്രി, ബംഗളൂരു വിക്ടോറിയ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഓക്സിജൻ പിന്തുണയോടെ ചികിത്സയിൽ കഴിഞ്ഞ 40 കൊറോണ രോഗികൾക്ക് കഴിഞ്ഞ നവംബറിലാണ് മരുന്ന് നൽകിയത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് രോഗികളെ രണ്ടു ഗ്രൂപ്പാക്കിയായിരുന്നു പരീക്ഷണം.

രണ്ടു ഗ്രൂപ്പിനും മികച്ച പരിചരണവും ഒരു ഗ്രൂപ്പിന് ദിവസം 100 മില്ലി ഗ്രാം വീതം മൂന്നു ദിവസം ജിപിപി ബാലഡോൾ മരുന്നും നൽകി. മിക്ക രോഗികളിലും മികച്ച പുരോഗതി കണ്ടു. പ്രകടഫലങ്ങളും കരൾ, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങളിലെ രക്തത്തിന്റെ രസതന്ത്ര വിശകലനവും അടിസ്ഥാനമാക്കിയാണ് മരുന്നിന്റെ സുരക്ഷ വിലയിരുത്തിയത്.

കൊറോണാനന്തരം രോഗികളിൽ 28 ദീർഘകാല സങ്കീർണതകൾ ഉണ്ടാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ജി.പി.പി. ബാലഡോളിന് അത്തരം പാർശ്വഫലങ്ങളൊന്നുമില്ലെന്നും രോഗികളെ ക്ലിനിക്കൽ ട്രയൽ മോഡിൽ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാൻ കേന്ദ്രാനുമതി തേടുമെന്നും കമ്പനി സി.ഇ.ഒയും മലയാളിയുമായ പി.എൻ. ബൽറാം പറഞ്ഞു.

മരുന്നിന് പേറ്റന്റ്പി.എൻ.ബി. വെസ്പർ കൊറോണ മരുന്നിന് പേറ്റന്റും യു.എസ്, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്നുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശവും (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്- ഐ.പി.ആർ) പി.എൻ.ബി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.