പിഎസ്‌സി അനധികൃത നിയമനം; സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ; കുടുംബാംഗങ്ങളെയും അണിനിരത്തും

തിരുവനന്തപുരം: പിഎസ്‌സി അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ. ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ മുഖ്യമന്ത്രിയുടെ ഓഫീസും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളും ഇന്നലെ രാത്രിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങളെയും അണിനിരത്തി സമരം ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് കടന്നത്.

വിട്ടുവീഴ്ചക്ക് സർക്കാർ തയ്യാറായെങ്കിലും പുതിയ തസ്തിക സൃഷ്ടിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച അലസിയത്. ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണെന്ന ഡിവൈഎഫ്ഐ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ഡിവൈഎഫ്ഐ ആരോപണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഡിവൈഎഫ്ക്കാർ സർക്കാരിന്റെ കുഴലൂത്തുകാരായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ കെപിസിസി ജനറൽ സെക്രട്ടി മാത്യു കുഴനാടനെ പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തി.