പൗരസ്ത്യ സുവിശേഷ സമാജത്തിൻ്റെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശം ഉന്നയിക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

കൊച്ചി: പൗരസ്ത്യ സുവിശേഷ സമാജത്തിനു കീഴിലുള്ള മൂന്നു പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശം ഉന്നയിക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലമ്പുഴ സെന്റ് ജോര്‍ജ്, ആറളം സെന്റ് ജോര്‍ജ്, കര്‍ണ്ണാടകയിലെ നരസിംഹരാജപുരം കരുഗുണ്ട സെന്റ് ജോര്‍ജ് ആന്‍ഡ് സെന്റ് ജോണ്‍സ് പള്ളികള്‍ക്കു 2017 ലെ സുപ്രീകോടതി വിധിയോ 1934 ലെ സഭാ ഭരണഘടനയോ ബാധകമല്ലെന്നും മലങ്കരസഭയുടെ പള്ളികളുടെ പട്ടികയില്‍ നിന്നും ഈ പള്ളികളെ ഒഴിവാക്കണമെന്നുമാണു സമാജം സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

സമാജം പള്ളികള്‍ക്കു 1934 ലെ സഭാ ഭരണഘടന ബാധകമല്ലെന്നു 1995 ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. സമാജം മാനേജിങ് കമ്മറ്റിയ്ക്കാണു പള്ളികളില്‍ അധികാരം. 1995 ലെ ഉത്തരവ് മറികടന്നു പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം കോടതിയലക്ഷ്യമാണെന്നാണു ഹര്‍ജിയിലെ വാദം.
ആറളത്തു സെന്റ് ജോര്‍ജ് പള്ളി രണ്ടെണ്ണമുള്ളതില്‍ ഏതു പള്ളിയാണു പട്ടികയിലെന്നു വ്യക്തമല്ല.

മലമ്പുഴ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആരുമില്ല. കരുഗുണ്ട പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തര്‍ക്കമുള്ളതിനാല്‍, ജില്ലാ ഭരണകൂടവുമായി ധാരണയിലെത്തിയാണു പള്ളി പ്രവര്‍ത്തിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു പള്ളികള്‍ കൈവശപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം
ശ്രമിക്കുന്നതെന്നാണു പരാതി.