കണ്ണൂർ: ഉത്തരക്കടലാസ് വഴിയരികിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെ പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യം സിൻഡിക്കറ്റിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വിസി അറിയിച്ചു.
സംഭവത്തിൽ പിവിസി പ്രഫ എ സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരക്കടലാസുകൾ കൈപ്പറ്റി വഴിയരികിൽ കളഞ്ഞ അധ്യാപകനെതിരേ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ ബികോം പരീക്ഷയുടെ100 ഉത്തരക്കടലാസുകളാണ് കഴിഞ്ഞദിവസം മലപ്പട്ടം- ചൂളിയാട് റോഡിൽനിന്നു വഴിയാത്രക്കാർക്കു ലഭിച്ചത്. ബൈക്കിന്റെ സൈഡ് ബാഗിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഗട്ടറിൽ ചാടിയപ്പോൾ ബാഗ് സഹിതം നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ വിശദീകരണം.