ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎയ്ക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എം സി കമറുദ്ദീന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് എം സി കമറുദ്ദീൻ ഉള്ളത്.

സംസ്ഥാനത്തെ വിവിധ കോടതികളിൽ നിന്നായി 142 കേസുകളിൽ എംഎൽഎ ജാമ്യം നേടിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധി നിലനിൽക്കുന്നതിനാൽ കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയമപരമായ തടസം നേരിടും.

കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരിൽ നിന്നും കോടികളാണ് പിരിച്ചെടുത്തത്. സ്ഥാപനം പൂട്ടി പോയതോടെ ഓഹരി ഉടമകൾ പരാതിയുമായി രംഗത്തെത്തി. തുടർന്ന് നവംബർ 7ന് പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തു.

ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളിൽ ജാമ്യം അനുവദിച്ചതോടെയാണ് കമറുദ്ദീന് ജയിൽ മോചനത്തിനുള്ള വഴി തെളിഞ്ഞത്. തുടർന്ന് മറ്റു കേസുകളിൽ കീഴ് കോടതികൾ ജാമ്യം അനുവദിച്ചു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും മകൻ ഹിഷാമിനെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.