കുതിരാൻ തുരങ്കം: ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണം; സർക്കാരിനോട് ജസ്റ്റിസ് കെമാൽപാഷ

തൃശൂർ: കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ. കുതിരാൻ തുരങ്കം തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുതിരാൻ തുരങ്കങ്ങളിലൊന്ന് ഫെബ്രുവരി ഒന്നു മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ വന്നപ്പോൾ പ്രഖ്യാപിച്ചിരുന്നു.

പക്ഷേ, ആ വാഗ്ദാനം പൂർത്തിയായില്ല. മാർച്ച് 31ന് മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇനിയും കുതിരാൻ തുരങ്കം തുറന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. ദേശീയപാതയിൽ സഞ്ചാര സ്വാതന്ത്രം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കു ബാധ്യതയുണ്ടെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.

കെപിസിസി സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്ത് രചിച്ച നിയമപോരാട്ട പുസ്തകം ജസ്റ്റിസ് കെമാൽപാഷ പ്രകാശനം ചെയ്തു. കുതിരാനിലെ മണ്ണുമാറ്റുന്നതും പാറ പൊട്ടിക്കുന്നതും പുരോഗമിക്കുകയാണ്.