കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് മുമ്പ് യുഎഇയിലേക്ക് മടങ്ങിയ തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിച്ചു. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
നയതന്ത്ര പ്രതിനിധികള്‍ക്കു പരിരക്ഷ ഉള്ളതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമാണ് കസ്റ്റംസ് പരിശോധന. കോണ്‍സല്‍ ജനറല്‍ കൊറോണ ലോക്ക് ഡൗണിനു മുമ്പു തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ എത്തിയ ബാഗേജാണ് ഇപ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍നിന്ന് ഒരു മൊബൈല്‍ ഫോണും രണ്ടു പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതികള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.