കൊറോണ വ്യാപനം രൂക്ഷമായി; സെക്രട്ടേറിയേറ്റിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായതോടെ സെക്രട്ടേറിയേറ്റിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം ബാധകം.

ധനവകുപ്പിന് പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കൊറോണ പടർന്നത്. വിവിധ വകുപ്പുകളിലായി 55 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രങ്ങൾ കർശനമാക്കുന്നത്. മറ്റുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ കൂടുതൽ പേർക്ക് കൊറോണ വന്നതോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ നടപടി.

രോഗവ്യാപനം രൂക്ഷമായതോടെ നേരത്തെ ഹൗസിംഗ് സഹകരണ സംഘം അടച്ചിരുന്നു. കഴിഞ്ഞയാഴ്ച കാന്റീൻ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് രോഗ വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. 5500ലധികം ആളുകളാണ് നിയന്ത്രണങ്ങൾ ലംഘിച്ച് വോട്ട് ചെയ്യാനെത്തിയത്. വെള്ളിയാഴ്ച നടന്ന വിജയാഹ്ലാദ പ്രകടനത്തിനും പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

രോഗ വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാർക്കായി സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ കൊറോണ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.