കാറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് പിന്തുടർന്ന് പിടികൂടി. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് എക്സൈസിൻ്റെ പിടിയിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും ശാരദ മന്ദിരത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ ഫറോക്ക് ഭാഗത്ത് നിന്നും വരുകയായിരുന്ന വാഹനം കൈ കാണിച്ചിട്ട് നിർത്താതെപോയി.

നിർത്താതെ പോയ കാർ എക്സൈസ് സംഘം പിന്തുടർന്ന് മോഡേൺ ബസാറിലെ കോംപ്ലകസിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു. അർഷാദിൻ്റെ ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 5,470 മില്ലി ഗ്രാം എംഡിഎംഎ മയക്ക് മരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് എം.ഡി. എം.എ എത്തിച്ചതെന്നും താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുക്കര ഫറോക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്താനെത്തിച്ചതാണെന്നും ഇയാൾ മൊഴി നൽകി.

മയക്കുമരുന്ന് കടത്തിയ കെ.എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ അർഷാദിനെ റിമാൻറ് ചെയ്തു. എക്സൈസ് ഇൻസ്പെക്റ്റർ സതീശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.