കൊച്ചി: സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലെന്ന് യാക്കോബായ സഭ. സർക്കാരിന് എതിരല്ല, സഭയുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണിത്. സമരത്തെ രാഷ്ട്രീയവൽക്കരിക്കരുത്. നിയമ നിർമാണത്തിലൂടെ സഭാ തർക്കം പരിഹരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും യാക്കോബായ സഭ അറിയിച്ചു.
യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിൽ നിയമനിർമ്മാണമാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കിയിരിക്കുകയാണ് യാക്കോബായ സഭ. നാളെ സഭയ്ക്ക് നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ പ്രാർത്ഥന നടത്തും. മറ്റന്നാൾ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹവും ആരംഭിക്കും.
യാക്കോബായ സഭാ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ലെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയത്തിൽ ഓർഡിനൻസ് ഇറക്കണമെന്നാണ് ആവശ്യം. സമരം കണ്ടില്ലെന്ന് നടിച്ചാൽ ജനം പ്രതികരിക്കുമെന്ന് ബിഷപ്പ് തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു.