സിപിഎം ഓഫിസില്‍ സിബിഐ; ഉദുമ ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിപിഎം ഓഫിസില്‍ സിബിഐ പരിശോധന നടത്തി. കാസര്‍കോട് ഉദുമ ഏരിയാ കമ്മിറ്റി ഓഫിസിലായിരുന്നു പരിശോധന.

സിബിഐ ഉദുമ ഏരിയ സെക്രട്ടറിയുടെയും മുൻ ഏരിയ സെക്രട്ടറിയും ഇപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠന്‍റെയും മൊഴിയെടുക്കുകയും ചെയ്തു. കേസിൽ പതിനാലാം പ്രതിയാണ് മണികണ്ഠൻ.

ഇരട്ടക്കൊല നടന്ന കല്യോട്ടും പ്രതികള്‍ വസ്ത്രം കത്തിച്ച സ്ഥലത്തും വീണ്ടും പരിശോധന നടത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലുപ്രതികൾ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചിരുന്നു.

സർക്കാർ അപ്പീൽ തള്ളി സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സിബിഐ സംഘം കേസ് ഏറ്റെടുത്തത്. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ ഒന്നാം പ്രതിയായ കേസിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അടക്കം 14 പേരാണ് നിലവിൽ പ്രതികൾ.

2019 ഫെബ്രുവരി 17-ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഒരു കല്യാണ വീട്ടിൽ നിന്ന് ഇറങ്ങിയ ഇരുവര്‍ക്കും എതിരെയാണ് ആക്രമണം ഉണ്ടായത്.