പാലക്കാട്: സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ നിയമനം നൽകുന്നതിനുളള തീരുമാനം അട്ടിമറിയെന്നതിന് കൂടുതൽ തെളിവുകൾ. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുളള ഇന്റർവ്യു ബോർഡിലെ ഡോ. ഉമർ തറമേലിന് പുറമേ കെഎം ഭരതൻ, പിപവിത്രൻ എന്നീ വിഷയ വിദഗ്ദ്ധരും ചേർന്ന് സർവകലാശാല വിസിയ്ക്കും രജിസ്ട്രാർക്കും ഇത് സൂചിപ്പിക്കുന്ന കത്ത് നൽകി.
അസിസ്റ്റൻ്റ് പ്രൊഫസർമാരെ തിരഞ്ഞെടുക്കാനുളള ലിസ്റ്റിൽ നിനിത കണിച്ചേരിയുടെ പേരെ ഉണ്ടായിരുന്നില്ലെന്ന് ഇവർ കത്തിൽ സൂചിപ്പിക്കുന്നു. നിനിതയെക്കാൾ അക്കാഡമിക്ക് യോഗ്യതയുളളവരെ തഴഞ്ഞ് അവരെ നിയമിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ദ്ധൻ ഡോ.ഉമർ തറമേൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും റാങ്ക്ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ അനുഭവം ആദ്യമായാണെന്നും ഇനിമേൽ വിഷയ വിദഗ്ദ്ധനായി നിയമന പ്രക്രിയയിൽ പങ്കെടുക്കില്ലെന്നുമായിരുന്നു പോസ്റ്റ്. സംഭവത്തെ തുടർന്ന് കെഎസ് യു ഇന്ന് സർവകലാശാലയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.