എറണാകുളത്തിന് പുറമെ ചില ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; മുഖ്യ പ്രതി കേരളം വിട്ടു

കൊച്ചി: എറണാകുളത്തിന് പുറമെ മറ്റ് ചില ജില്ലകളിലും പിടിയിലായ പ്രതികള്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്നതായി അന്വേഷണ സംഘം. എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയെ ചോദ്യം ചെയ്തതില്‍ അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേസിലെ പ്രധാന പ്രതി വണ്ണപ്പുറം കാളിയാര്‍ സ്വദേശി കുഴിമണ്ഡപത്തില്‍ മുഹമ്മദ് റസല്‍ ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച് അന്തര്‍ദേശിയ കോളുകള്‍ വിളിച്ചവര്‍ ഹവാല ഇടപാടുകള്‍ നടത്തിയെന്ന്‌ അന്വേഷണ സംഘം സംശയിക്കുന്നു. മുഹമ്മദ് റസലിൻ്റെ ബാങ്ക് ഇടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കാക്കനാടിന് സമീപം ജഡ്ജിമുക്കിലെ വാടകക്കെട്ടിടത്തില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചു നടത്തിയ കേസില്‍ അറസ്റ്റിലായ കെട്ടിടം ഉടമ കാക്കനാട് പുതുവാന്‍മൂല പുതുമറ്റം വീട്ടില്‍ നജീബിന് (44 ) കോടതി ഇന്നലെ അനുവദിച്ച ഇടക്കാലജാമ്യം അവസാനിച്ചു.

വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്ന ഇന്റര്‍നെറ്റ് കോളുകള്‍ ലോക്കല്‍ കോളുകളാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കള്‍ക്ക് ഏജന്‍സി നല്‍കിയ രഹസ്യനമ്പറില്‍ നിന്നുവരുന്ന കോളുകള്‍ ചില ഉപകരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ടെലിഫോണ്‍ സേവനദാതാക്കളെ കബളിപ്പിച്ചിരുന്നത്. ഉപയോക്താക്കളില്‍നിന്ന് ശേഖരിക്കുന്ന തുകയുടെ നിശ്ചിതശതമാനം ഏജന്‍സികള്‍ വീതിച്ചെടുക്കും. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും.

വിദേശത്തുനിന്ന് വരുന്ന 120 ലധികം കോളുകള്‍ ഒരേസമയം സ്വീകരിക്കാവുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. ദിവസേന ആയിരത്തിലധികം കോളുകള്‍ സമാന്തര സംവിധാനം വഴി നടത്തിയിരുന്നതായും സൂചനയുണ്ട്.

ഏതെങ്കിലും തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ തീവ്രവാദബന്ധമോ ഇതിനുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണര്‍ ജിജിമോന്‍ പറഞ്ഞു.