വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ടതിലെ അവ്യക്തത നീക്കിയതായി സര്‍ക്കാര്‍ ; സമരസമിതി അനിശ്ചിതകാല നിരാഹാര സമരത്തിന്

കൊച്ചി: വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിജ്ഞാപനത്തിലെ ആശയക്കുഴപ്പം നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഒരു കുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണ് വിജ്ഞാപനത്തില്‍ ഉള്ളതെന്നായിരുന്നു പരാതി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറയിച്ചിരുന്നു. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, വാളയാര്‍ കേസില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനൊരുങ്ങിയിരിക്കുകയാണ് സമരസമിതി. കേസ് അന്വേഷണത്തില്‍ അട്ടിമറിശ്രമം നിലനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. വെള്ളിയാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിക്കുന്നത്. സാംസ്‌കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും നിരാഹാരം ഇരിക്കും. ഫെബ്രുവരി അഞ്ചിന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കും.