ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​വരെ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കേ​ണ്ട; രണ്ടു ടേം എംഎൽഎയായവർക്ക് സീറ്റില്ല; സിപിഎമ്മിൽ ധാരണ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​വ​ർ​ക്ക് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കേ​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നം. ഇ​തോ​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്ന പി.​രാ​ജീ​വ്, എം.​ബി.​രാ​ജേ​ഷ്, പി.​ജ​യ​രാ​ജ​ൻ, വി.​എ​ൻ.​വാ​സ​വ​ൻ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് ഉറപ്പായി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നേ​തൃ​ത്വം സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൻറെ വ​ര​വോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സീ​റ്റു​ക​ളെ​ക്കു​റി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും സം​സ്ഥാ​ന സ​മി​തി ച​ർ​ച്ച ചെ​യ്യും. ഇ​ന്നും വ്യാ​ഴാ​ഴ്ച​യും യോ​ഗം ചേ​ർ​ന്നാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക.

അതേസമയം തു​ട​ർ​ച്ച​യാ​യി ര​ണ്ട് ടേം ​എം​എ​ൽ​എ​യാ​യ​വ​രെ ഇ​ത്ത​വ​ണ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അങ്ങനെയെങ്കിൽ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്തുണ്ടാകില്ല. പിണറായി മന്ത്രിസഭയിലെ 11 സിപിഎം മന്ത്രിമാരിൽ അഞ്ച് പേരും രണ്ടോ അതിൽ കൂടുതലോ മത്സരിച്ചവരാണ്. ഇതിൽ മന്ത്രിമാരായ തോമസ് ഐസക്, എകെ ബാലൻ എന്നിവർ നാല് തവണയും ജി സുധാകരൻ, സി. രവീന്ദ്രനാഥ് എന്നിവർ മൂന്നും ടേമും തുടർച്ചയായി ജയിച്ചവരാണ്. ഐസക് രണ്ട് തവണ ആലപ്പുഴയിലും അതിന് മുമ്പ് രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു.

എ​ന്നാ​ൽ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. ഇരുപതിലധികം മണ്ഡലങ്ങളിലാണ് രണ്ടുവട്ടം തുടർച്ചയായി വിജയിച്ചവരുള്ളത്.

ഇവരിൽ മന്ത്രിമാരുൾപ്പെടെ പലർക്കും ഇളവ് നൽകുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യുകയാണ്. മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎയുടെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെങ്കിൽ മാർഗനിർദേശത്തിൽ കടുംപിടിത്തം ഉണ്ടാവില്ല. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിയമസഭയിൽ സിപിഎമ്മിന് 58 എംഎൽഎമാരും അഞ്ച് സ്വതന്ത്രരുമാണുള്ളത്‌.

സിപിഎമ്മിന്റെ ജാഥകൾ 13,14 തിയതികൾ ആരംഭിക്കുന്നുണ്ട്. അത് അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലേക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയിരിക്കുന്നത്.