ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നാളെ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നാളെ എത്തും. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നദ്ദയെ പാർട്ടി പ്രവർത്തകർ സ്വീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് ജെപി നദ്ദ എത്തുന്നത്. പാർട്ടി യോഗങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. എൻഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്യും.

തിരുവനന്തപുരത്തും തൃശൂരിലും വിശദമായ തെരഞ്ഞെടുപ്പ് ചർച്ചകളും നദ്ദയുടെ നേതൃത്വത്തിൽ നടക്കും. നാളെ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്ന നദ്ദ വ്യാഴാഴ്ച തൃശൂരിൽ ബിജെപിയുടെ പൊതുസമ്മേളനത്തിൽ അഭിസംബോധന ചെയ്യും.