ക്യാമറയെ കബളിപ്പിച്ച് നമ്പർ പ്ലേറ്റ് മറച്ച് ഓടി; 15 വാഹനങ്ങൾ പിടികൂടി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: ക്യാമറകണ്ണിൽ പെടാതെയിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച് വെച്ചു ഓടിച്ച15 വാഹനങ്ങളെ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയാതായി റിപ്പോർട്ട്. ചാലക്കുടി ദേശീയപാതയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്തരത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയത്. കാറുകൾക്ക് 3,000 രൂപയും മിനി ലോറി ഉൾപ്പെടെ ഇടത്തരം വാഹനങ്ങൾക്ക് 4000 രൂപയുമാണ് പിഴ ഈടാക്കിയത്. ലോറികൾക്ക് 7,000 രൂപയും ഈടാക്കി.

ക്യാമറകളിൽപ്പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചു വാഹനോടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോറികളിലും മിനി ലോറികളിലും തകിടുകൾ സ്ഥാപിച്ചാണ് പ്ലേറ്റുകൾ മറച്ചിരുന്നത്. അതേസമയം നമ്പർ പ്ലേറ്റ് ഊരിമാറ്റി ബൈക്കുകളിലും പായുന്നവരെ പൂട്ടാനും മോട്ടോർ വാഹന വകുപ്പ് നീക്കം നടത്തുന്നുണ്ട്.

മുന്നിൽ നമ്പർ പ്ലേറ്റുണ്ടെങ്കിലും പിന്നിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത സംഘങ്ങളാണ് ഏറെയും. പരാതി വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതെന്ന് എറണാകുളം ജില്ലിയലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ. അക്കങ്ങൾ വ്യക്തമാകാത്ത തരത്തിൽ ചിലർ മനഃപൂർവം നമ്പർ പ്ലേറ്റുകൾ തിരിച്ചുവെയ്ക്കുന്നതായും കണ്ടെത്തി.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളും മറ്റുമായി വരുന്ന ലോറികളിൽ ചിലത് പിന്നിലെ നമ്പർ പ്ലേറ്റുകൾ മനഃപൂർവം മറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്യാമറകളെ കബളിപ്പിക്കാൻ ടിപ്പർ ലോറികൾ നമ്പർ പ്ലേറ്റുകളിൽ മണ്ണും ചെളിയും പുരട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരക്കാർക്കും 5,000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം.

നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട് കോടതിയിലേക്ക് കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം, നമ്പർപ്ലേറ്റ് വികലമാക്കുന്നവർക്ക് 5,000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം.