ഉയര്‍ന്ന പെന്‍ഷന്‍ ശരിവച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു; കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡെൽഹി : ഉയർന്ന പെൻഷന് വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിൻവലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പുനഃപരിശോധനാ ഹർജിയിലാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയർന്ന പെൻഷൻ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ അപ്പീലുകളിൽ ഫെബ്രുവരി 25-ന് പ്രാഥമിക വാദം നടക്കും.

ഹൈക്കോടതി വിധി ശരിവെക്കുന്ന സുപ്രീംകോടതിയുടെ ഉത്തരവ് പിൻവലിച്ചുകൊണ്ട് തുടക്കം മുതൽ വാദംകേൾക്കാൻ നിശ്ചയിച്ചത് ലക്ഷക്കണക്കിന് വരുന്ന ഇപിഎഫ് പെൻഷൻകാർക്ക് നിരാശയുണ്ടാക്കും. അതേസമയം, ഹൈക്കോടതി വിധിക്ക് ഇപ്പോഴും സ്റ്റേ ഇല്ല എന്നത് ആശ്വാസവുമാണ്.

2018 ഒക്ടോബർ 12-നാണ് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അപ്പീലുകൾ പ്രാഥമിക വാദത്തിനായി മാറ്റുകയാണ് ചെയ്തതെന്നും പ്രസ്തുത വിധി സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. അല്ലാത്തപക്ഷം പുനഃപരിശോധനാ ഹർജിയിൽ നോട്ടീസയക്കേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇപിഎസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു വിധി. 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് ഇപ്പോൾ പിൻവലിക്കപ്പെട്ടത്.