ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം; സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്; അടുത്തയാഴ്ച വിളിച്ചു വരുത്തി ചോദ്യംചെയ്യും

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്തയാഴ്ച സ്പീക്കറെ വിളിച്ചു വരുത്തിയാകും കസ്റ്റംസ് മൊഴിയെടുക്കുക.
സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ വാസ്തവമുണ്ടെന്ന് കണ്ടാൽ കൂടുതൽ നടപടികളിലേക്ക് കസ്റ്റംസ് കടക്കും. ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി.

കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. ഡോളർ കടത്തിയതിന് ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.