ഇനി മത്സരിക്കാനില്ലെന്ന് കെ സി ജോസഫ്; പുതുതലമുറയ്ക്കായി വഴിമാറുന്നു

കണ്ണൂർ: തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ഇരിക്കൂർ എംഎൽഎ കെസിജോസഫ്. കഴിഞ്ഞ 39 വർഷമായി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് കെസിജോസഫ്. പുതുതലമുറയ്ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി വഴിമാറുകയാണെന്നും കെസിജോസഫ് പറഞ്ഞു.

ഇരിക്കൂറിൽ നിന്ന് എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. എട്ടുതവണയും ജയിച്ചു. ഇനി വരാൻ പോകുന്നത് ഒമ്പതാമത്തെ തിരഞ്ഞെടുപ്പാണ്. പുതുതലമുറയ്ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് തീരുമാനം. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെസിജോസഫ് പറഞ്ഞു.

ഇത്രയും കാലം ഒരേ മണ്ഡലത്തിൽ വിജയിക്കാനായതിൽ ഇരിക്കൂറിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. ‘കോൺഗ്രസിന്റെ മണ്ഡലങ്ങളിൽ പുതുപ്പള്ളിയിലും ഇരിക്കൂറിലും മാത്രമാണ് ഒരു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ മണ്ഡലത്തിൽ എട്ടുതിരഞ്ഞെടുപ്പിലും പരാജയമറിയാതെ ജയിക്കാനായത് ഈ നാട്ടിലെ ജനങ്ങൾ കോൺഗ്രസിനോട് യുഡിഎഫിനോടും എന്നോടും കാണിച്ച വലിയ സ്നേഹം കൊണ്ടാണ്.

നന്ദി പറയേണ്ടത് ഇരിക്കൂറിലെ ജനങ്ങളോടാണ്. തുടക്കത്തിൽ ഈ നാട് എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ന് ഈ നാട്ടിലെ ഓരോ പ്രദേശങ്ങളും എന്റെ കൈരേഖ പോലെ സുപരിചിതമാണ്. സത്യസന്ധമായും ആത്മാർഥമായും പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അതിനുളള പ്രത്യുപകാരമായിരിക്കണം ഈ നന്ദിയും സ്നേഹവും.’

ഇരിക്കൂറിൽ ആരാകും മത്സരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സ്ഥാനാർഥി പട്ടികയിൽ ചർച്ച നടക്കുന്നതേയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.