വേമ്പനാട് കായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറയുന്നു; കുട്ടനാട്ടിലെ പ്രളയ സാധ്യതയിൽ വർധനയെന്ന് കണ്ടെത്തൽ

കൊച്ചി: കുട്ടനാട്ടിലെ പ്രളയ സാധ്യതയിൽ വൻ വർധനയെന്ന് കണ്ടെത്തൽ. പ്രളയ സാധ്യത വർധിപ്പിക്കുന്ന കാരണങ്ങളിലൊന്നായി, വേമ്പനാട് കായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറയുകയാണെന്നു ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തി. 2018–ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ വേമ്പനാട് നീർത്തടം കേന്ദ്രീകരിച്ചു കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ സമിതി ഡോ. വിഎൻ സഞ്ജീവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻ്റേതാണ് ഈ നിഗമനം.

കണ്ടെത്തലുകൾ അന്തിമമാക്കിയ ശേഷം സർക്കാരിനു റിപ്പോർട്ട് നൽകും. പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം ആഴം കുറ‍ഞ്ഞ ഭാഗങ്ങളിൽ ഡ്രജിങിലൂടെ ശേഷി കൂട്ടാമെന്നു സമിതി വിലയിരുത്തുന്നു. 1930 മുതൽ 90 വർഷത്തിനിടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി 85.7% കുറഞ്ഞു.

ആലപ്പുഴ– തണ്ണീർമുക്കം ഭാഗം ഉൾപ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിന്റെ 82% മേഖലകളിലും ആഴം 2 മീറ്ററിൽ കുറവാണെന്നാണു കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ സമിതിയുടെ കണ്ടെത്തൽ.
പാടശേഖരങ്ങളുടെ അതിരുകെട്ടി ബലപ്പെടുത്തിയതോടെ നദികളിൽനിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം നേരിട്ടു കായലിൽ എത്തുന്നതു മൂലമാണ് കായലിന്റെ ആഴവും ശേഷിയും കുറഞ്ഞതെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.