കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടതു മുന്നണിയിലേക്കെന്ന് സ്കറിയ തോമസ്; നിഷേധിച്ച് അനൂപ് ജേക്കബ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലെത്തുമെന്ന് സ്കറിയ തോമസ്. യാക്കോബായ സഭയിടപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി പറഞ്ഞ സ്കറിയ തോമസ് ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. മുന്നണി വിപുലീകരണ സാധ്യതകള്‍ മന്ത്രി ഇപി ജയരാജനും ശരിവച്ചു.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ വഴികളെല്ലാം പയറ്റുകയാണ് ഇടത് മുന്നണിയും സിപിഎമ്മും. ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബിനെയും കൂട്ടരെയും പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണെന്ന് വ്യക്തമാക്കുന്നു സ്കറിയ തോമസ്. സഭാതര്‍ക്കത്തില്‍ യാക്കോബായ സഭ ഇടത് സര്‍ക്കാരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി പിറവത്ത് അനൂപെത്തിയാല്‍ വിജയിക്കാനാകില്ലെന്ന് സ്കറിയ തോമസ് ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ഇപി ജയരാജന്‍റെ വാക്കുകള്‍. സംയുക്ത കേരള കോണ്‍ഗ്രാസാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ സ്കറിയ തോമസ് ഇടത് മുന്നണിക്ക് കീഴില്‍ കേരളകോണ്‍ഗ്രസുകള്‍ ഒന്നിക്കാനുള്ള സാധ്യതകളും തള്ളുന്നില്ല.

താൻ കഴിഞ്ഞതവണ മത്സരിച്ച കടുത്തുരുത്തി ജോസ് കെ മാണിക്ക് വിട്ടുനല്‍കാന്‍ ധാരണയായെന്നും സ്കറിയ തോമസ് പറയുന്നു. പകരം വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യവും ശക്തമാണ്.

എന്നാൽ, ഇടതുനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് അനൂപ് ജേക്കബ്. ഇപ്പോള്‍ യുഡിഎഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.