റിട്ടേണിംഗ് ഓഫീസർമാർ 30 നകം ജോലിയിൽ പ്രവേശിക്കണം; അല്ലാത്തവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ ഈ മാസം 30 നകം ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. അല്ലാത്തവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാവുമെന്നും മീണ അറിയിച്ചു. വിവിധ ജില്ലകളിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു.

ഉത്തരവിറങ്ങിയിട്ടും പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ഇലക്ഷൻ കമ്മീഷൻ നടത്താൻ നിശ്ചയിച്ചിരുന്നു. ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാത്തത് ഇതിന് തടസമുണ്ടാക്കുന്ന സ്ഥിതിയാണ്. ഈ വിവരം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.