കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ; ആലപ്പുഴ ബൈപ്പാസ് തുറന്നു

ആലപ്പുഴ: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി മൂന്നര പതിറ്റാണ്ടുമുമ്പ് നിർമാണം തുടങ്ങിയ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം നിവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യാതിഥിയായിരുന്നു.
ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്.

ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്.
കേന്ദ്രസർക്കാർ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.

ലൈറ്റ് സ്ഥാപിക്കാനും റെയിൽവേയ്ക്ക് നൽകിയതുംകൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു.