തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെൻ്ററിൽ എൽഡിഎഫ് യോഗം തുടങ്ങി. മാണി സി കാപ്പൻ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ശരത് പവാറുമായുള്ള ചർച്ചക്ക് ശേഷമേ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുവെന്ന് മാണി സി കാപ്പൻ അറിയിച്ചു.
ഇന്നത്തെ യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയാവില്ലെന്ന് എൽഡിഎഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എൻസിപി ആവശ്യപ്പെടും. എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സീറ്റ് ചർച്ച അജണ്ടയിൽ ഉൾപ്പെടുത്താതെ എൽഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയിൽ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എൻസിപി സമ്മർദ്ദത്തിൽ പാലാ സീറ്റ് ചർച്ച ചെയ്താൽ സിപിഐ നിലപാടും നിർണ്ണായകമാകും.