തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റായി തുടരുമെന്നും തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫിനേയും കോൺഗ്രസിനേയും അധികാരത്തിൽ തിരിച്ചെത്തിക്കുകയെന്നതാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ”എന്റെ സ്ഥാനാർത്ഥിത്വം പ്രശ്നമല്ല. ഉത്തരവാദിത്വമുള്ള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ അക്ഷീണം പ്രവർത്തിക്കും”- മുല്ലപ്പള്ളി വ്യക്തമാക്കി.
നേരത്തെ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി നൽകിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്നോ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നോ മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.