കേരള കോണ്‍ഗ്രസിന് പത്തു സീറ്റുകള്‍; ജോസ് കെ മാണിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇടതുമുന്നണി

കോട്ടയം: ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിന് പത്തു സീറ്റുകള്‍ നല്‍കാമെന്ന ധാരണയിലേക്ക് ഇടതുമുന്നണി. നാളെ ചേരാനിരിക്കുന്ന മുന്നണിയോഗത്തിന് മുമ്പായി സിപിഎം – കേരള കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെ തുടങ്ങാനിരിക്കെ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് കൂടുതല്‍ വഴങ്ങേണ്ട അവസ്ഥയിലാണ് സിപിഎം. ആറു സീറ്റുകള്‍ നല്‍കാമെന്ന് സിപിഎമ്മിന്റെ വാഗ്ദാനത്തില്‍ തൃപ്തിയില്ലാതെ കൂടുതല്‍ സീറ്റിനായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമാവുകയാണ്. കോട്ടയം ജില്ലയിലെ ആകെ ഒന്‍പതു സീറ്റുകളില്‍ നാലു സീറ്റുകള്‍ എന്ന ധാരണയിലെത്തുകയാണ്.

പാലാ സീറ്റിന് പുറമേ സിപിഐ മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളിയും സ്കറിയ തോമസ് മല്‍സരിച്ച കടുത്തുരുത്തിയും കേരള കോണ്‍ഗ്രസിന് നല്‍കും. ഇതു കൂടാതെ ചങ്ങനാശ്ശേരി അല്ലെങ്കിൽ ഏറ്റുമാനൂർ. ചിലപ്പോൾ ഈ രണ്ടു സീറ്റും തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

ജനാധിപത്യ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ച പൂഞ്ഞാറും ജോസ് കെ മാണിക്ക് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും മല്‍സരിക്കുമെന്നാണ് ജോസ് കെ മാണി സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ ജോബ് മൈക്കിളും ഏറ്റുമാനൂരിൽ തങ്കച്ചൻ പൊൻമാങ്കലുമാണ് കേരളാ കോൺഗ്രസ് പരിഗണനയിലുള്ളത്.

റോഷി അഗസ്റ്റിന്റെ സിറ്റിങ് സീറ്റായ ഇടുക്കിക്ക് പുറമേ പി.ജെ ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴും കേരള കോണ്‍ഗ്രസിനാണ്. പത്തനംതിട്ടയില്‍ റാന്നി നല്‍കാന്‍ ഏകദേശ ധാരണയായെങ്കിലും സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തോട് കൂടി അലോചിച്ചാവും അന്തിമ തീരുമാനം. ഇരിക്കൂര്‍ സിപിഐ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കും. പകരം സിപിഐക്ക് പേരാവൂര്‍ നല്‍കാനാണ് ധാരണ.

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയോ പേരാമ്പ്രയോ കുറ്റ്യാടിയോ വിട്ടുനല്‍കാമെന്നാണ് സിപിഎം ജോസ് കെ മാണിയേ അറിയിച്ചിരിക്കുന്നത്. തിരുവമ്പാടിക്കാണ് സാധ്യത കൂടുതല്‍. യുഡിഎഫില്‍ നിന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയും അവര്‍ക്ക് നല്‍കും.

ഇടതുമുന്നണിയില്‍ കാലങ്ങളായി നില്‍ക്കുന്ന ചില കക്ഷികള്‍ നഷ്ടം സഹിക്കേണ്ടി വരും. ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടെ വേര്‍പിരിഞ്ഞുപോയ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പകുതിയായി വെട്ടികുറയ്ക്കും. സ്കറിയ തോമസിന്റെ കേരള കോണ്‍ഗ്രസിനും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസിനും ഇത്തവണ സീറ്റുണ്ടാവില്ല. മുന്നണി അധികാരത്തില്‍ വന്നാല്‍ ഇരുനേതാക്കള്‍ക്കും സുപ്രധാന പദവികള്‍ നല്‍കാമെന്നാണ് വാഗ്ദാനം.