പിണറായി വിജയന്റെ പര്യടന പരിപാടിക്കിടെ നാടകീയരംഗം ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

തൊടുപുഴ : മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്. അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്‌തതെന്നാണ് പൊലീസ് വിശദീകരണം.

തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെയാണ് കെ പി സി സി അംഗം റിസോർട്ടിൽ എത്തിയത്. മാത്യു മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ പൊലീസ് എത്തി അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു.

താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇടുക്കിയിലെ പ്രശ്‌നങ്ങളും ജനങ്ങളുടെ സങ്കടവും ബോദ്ധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി വരുന്നതെന്ന് താൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കിൽ വരില്ലായിരുന്നു. കെ പി സി സിയുടെ നിർദ്ദേശം പരിപാടിയിൽ പങ്കെടുക്കരുതെന്നല്ലേയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ പി സി സി പറയുന്നതൊന്നും ചെയ്യുന്നില്ലെന്ന് മാത്യു പ്രതികരിച്ചു.