കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു.
ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.