വസ്തുതകൾ മനസ്സിലാക്കാൻ ധാർമിക ബാധ്യത കാണിക്കണമായിരുന്നു ; ടി പത്മനാഭനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: കഥാകൃത്ത് ടി പത്മനാഭൻ വസ്തുതകൾ മനസ്സിലാക്കാതെ നടത്തിയ പ്രസ്താവന തനിക്ക് വേദന ഉണ്ടാക്കിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. അദ്ദേഹം താൻ ബഹുമാനിക്കുന്ന ആളാണ്. തന്നോട് വിളിച്ചു ചോദിക്കാമായിരുന്നു. അദ്ദേഹത്തിന് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ടെന്നു വരെ അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസ്സിലാക്കാൻ ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നുവെന്ന് ജോസഫൈൻ പ്രതികരിച്ചു.

പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന ആക്ഷേപച്ചതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ടി പത്മനാഭൻ ഇന്നലെ നടത്തിയത്. വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭൻ പൊട്ടിത്തെറിച്ചത്.