വയനാട്: മേപ്പാടി എലിമ്പിലേരിയിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ സ്വദേശി ഷഹാനയുടെ മൃതദേഹത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഇത്തരത്തിലുള്ള മുറിവുകളുണ്ടാകാമെന്നും ഷഹാനയെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അഖിലേഷ് വ്യക്തമാക്കി.
മുറിവുകൾ കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഷഹാനയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്. കാട്ടാന ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞതോടെ റിസോര്‍ട്ട് പൂട്ടിയിരുന്നു. ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് നടപടി.
ഇനിയും ഇത്തരത്തില്‍ അപകടമുണ്ടാകാതിരിക്കാന്‍ ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളെക്കുറിച്ചും ഹോം സ്റ്റേകളെക്കുറിച്ചും ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. റിസോർട്ടിൽ രാവിലെ മുതല്‍ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി പരിശോധന തുടങ്ങിയിരുന്നു.
ജില്ലാ കളക്ടറും തഹസില്‍ദാറും വയനാട് ഡിഎഫ്ഒയും സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയും പരിസരങ്ങളിലുള്ള റിസോര്‍ട്ടുകളിലും ഇല്ലെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം. മഴക്കാലത്ത് ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുള്ള മേഖലയാണിത്, അവിടെയാണ് മൺസൂൺ ടൂറിസം എന്ന പേരിൽ ആളുകളെ വിളിച്ച് വരുത്താനായി റിസോർട്ടുകൾ തുടങ്ങിവച്ചിരിക്കുന്നതെന്ന്കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. ഇതിൽ കൃത്യമായ നടപടികളുണ്ടാകുമെന്ന് കളക്ടർ പറഞ്ഞു.
വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളില്‍ ഒടുവിലത്തെതാണ് മേപ്പാടി എലിമ്പിലേരിയിലേത്. യാതൊരു അനുമതിയും ഇല്ലാതെയാണ് ടെന്‍റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇത്തരത്തിലുളള കേന്ദ്രങ്ങളെക്കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ പലപ്പോഴും വ്യക്തതയുമില്ല.
കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി വനാതിര്‍ത്തികളിൽ ഇത്തരം ടെന്‍റ് ടൂറിസം തുടങ്ങിയത്.