കേന്ദ്രത്തിനെതിരെ പഞ്ചാബ് ബിജെപിയില്‍ പൊട്ടിത്തെറി; മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേതാക്കള്‍

ചണ്ഡിഗഡ്: കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ ഡെൽഹി അതിർത്തിയിൽ കാർഷകർ പ്രക്ഷോഭം തുടരുന്നതിനിടയിൽ പഞ്ചാബ് ബിജെപിയിൽ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമർശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തെത്തി. കർഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാൻ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കിൽ ഒരുദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റായ ലക്ഷ്മി കാന്ത ചൗള.

‘ഒരു ബിജെപി നേതാവ് എന്ന നിലയില്ല ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ സംസാരിക്കുമ്പോൾ ഒരു പ്രക്ഷോഭവും ഒരുപാട് കാലം നീണ്ടുപോകരുതെന്നാണ് തോന്നുന്നത്. എത്രയും വേഗത്തിൽ അതിന് ഒരുപരിഹാരം കണ്ടെത്തണം. ഡിസംബർ മധ്യത്തോടെ, കടുത്ത ശൈത്യമോ, ആത്മഹത്യയിലൂടെയോ മരിച്ച കർഷകരുടെ എണ്ണം 30 കടന്നപ്പോൾ, ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്തയച്ചിരുന്നു’.

‘കൃഷിവകുപ്പ് മന്ത്രിക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പ്രധാനമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.’ ചാവ്ല പറയുന്നു. കർഷകർ 100 ശതമാനവും തെറ്റല്ല, കാർഷിക നിയമങ്ങളും. പ്രധാനമന്ത്രി കർഷകർക്കൊപ്പമിരുന്ന് പരിഹാരം കണ്ടെത്തണം.’

പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് പരിഹാരം കാണാനാകുമെന്നാണ് എനിക്ക് തോന്നുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭത്തിന്റെ യഥാർഥ വശത്തെ കുറിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന ഘടകത്തിന് സാധിക്കാത്തതിൽ സംസ്ഥാനത്തെ മറ്റുനേതാക്കളും അസന്തുഷ്ടരാണ്.

‘പ്രതിഷേധങ്ങൾക്കിടയിൽ കാർഷിക നിയമഭേദഗതി പാർലമെന്റിൽ പാസ്സാക്കി. കർഷകരോഷം കണക്കിലെടുത്ത് 27 വർഷം നീണ്ടുനിന്ന സഖ്യം അകാലിദൾ വിച്ഛേദിച്ചപ്പോഴും പാർട്ടി ഉണർന്നില്ല.’ മാൽവയിലെ പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ബിജെപി നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന ബിജെപി ഘടകം കർഷക പ്രക്ഷോഭത്തെ ഗൗരവത്തിൽ കാണുന്നില്ലെന്ന് മുൻ ബിജെപി സംസ്ഥാന സെക്രട്ടറിയായ മഞ്ജീദർ സിങ് കാങ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് കാർഷിക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ശരിയായ പ്രതികരണമല്ല നേതൃത്വം നൽകുന്നതെന്നും ഇതുസംബന്ധിച്ച് താനും നേതൃത്വവും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾ നടന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.