തിരുവനന്തപുരം: കർഷകരെ സഹായിക്കാൻ വലിയ സംഭവമായി സർക്കാർ അവതരിപ്പിച്ച പഴം, പച്ചക്കറി കര്‍ഷകർക്കുള്ള താങ്ങു വിലയില്‍ ഒരു രൂപയുടെ സഹായം പോലും ലഭിക്കാതെ കര്‍ഷകര്‍. നേന്ത്രവാഴ ഉള്‍പ്പടെ 16 ഇനം കൃഷികള്‍ക്ക് കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ താങ്ങുവില നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ തന്നെ ആദ്യ സംഭവമാണെന്ന പ്രചാരണ വും വ്യാപകമായി നടത്തി.
നേന്ത്രവാഴ, മരച്ചീനി, പൈനാപ്പിള്‍, വെളളരി, കുമ്പളം, പാവയ്ക്ക, പയര്‍ തുടങ്ങി കേരളത്തിലെ ഓരോ ജില്ലയിലേയും കൃഷിക്കനുസരിച്ച് കര്‍ഷകരെ താങ്ങി നിര്‍ത്താനായിരുന്നു തറവില പ്രഖ്യാപനം. കൊറോണ കൂടി എത്തിയതോടെ കൂമ്പൊടിഞ്ഞ കര്‍ഷകര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ തറവില താങ്ങാവുമെന്ന് പ്രതീക്ഷിച്ചു.
നേന്ത്രവാഴക്ക് കിലോയ്ക്ക് 30 രൂപയും വയനാടന്‍ നേന്ത്രന് 24 രൂപയും മരച്ചീനിയ്ക്ക് 12 രൂപയുമെല്ലാം അടിസ്ഥാനവില നിശ്ചയിച്ചതോടെ കര്‍ഷകരും പ്രതീക്ഷയിലായി. നേന്ത്രവാഴ കിലോയ്ക്ക് 17 രൂപക്കും മരച്ചീനി 8 രൂപയ്ക്കും സര്‍ക്കാരിന്റെ അംഗീകൃത കേന്ദ്രങ്ങളില്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കെല്ലാം കണ്ണീരാണിപ്പോള്‍.
നവംബര്‍ ഒന്നു മുതല്‍ താങ്ങുവില കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഡിസംബര്‍ ഒന്നു മുതല്‍ എന്ന് മാറ്റിയെങ്കിലും ഈ വര്‍ഷം ജനുവരി തീരാറായിട്ടും സഹായവിതരണത്തിന്‍റെ കാര്യത്തില്‍ ധാരണയായിട്ടില്ല. കാര്‍ഷിക ജോലികളുടെ തിരക്കുകള്‍ക്കിടെ കൃഷിഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച രേഖകളെല്ലാം സംഘടിപ്പിച്ചു കൈമാറിയവര്‍ക്കാണ് ഈ നിസഹായത.