നെട്ടുകാൽത്തേരി ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരിൽ ഒരാൾ തിരുപ്പൂരിൽ പിടിയിലായി

തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂരിലെ തുണിമില്ലിൽ നിന്നുമാണ് കന്യാകുമാരി സ്വദേശി ശ്രീനിവാസനെ പൊലീസ് പിടികൂടിയത് . രക്ഷപ്പെട്ട പ്രതികളിൽ ഒരാൾക്കായി അന്യേഷണം തുടരുന്നു.

2020 ഡിസംബർ 23 നാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും കൊലക്കേസ് പ്രതികളായ കന്യാകുമാരി സ്വദേശി ശ്രീനിവാസനും വീരണകാവ് സ്വദേശി രാജേഷ് കുമാറും രക്ഷപ്പെടുന്നത്. ജയിൽവളപ്പിലെ കൃഷിപ്പണിക്കായി പുറത്തിറങ്ങിയ തടവുകാർ രക്ഷപ്പെടുകയായിരുന്നു. തടവുപുള്ളികൾക്ക് വസ്ത്രവും പണവും നൽകിയ പ്രദേശവാസിയെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല.

തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പൊലീസ് അന്യേഷണം വ്യാപിപ്പിച്ചത്. ഇതിനിടെയാണ് രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ ശ്രീനിവാസൻ തമിഴ്നാട് തിരുപ്പൂരിലെ ഒരു തുണിമില്ലിൽ ജോലി ചെയ്യുന്നതായുള്ള വിവരം പൊലീസിന് കിട്ടുന്നത്. രഹസ്യമായി സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

1999 ൽ പാലക്കാട് മലമ്പുഴയിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. എന്നാൽ ജയിലിൽ നിന്നും രക്ഷപ്പെട്ട മറ്റൊരു പ്രതിയായ രാജേഷിന് കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം വട്ടപ്പാറയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.