മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് ജാമ്യം;സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് ജാമ്യം. സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. കുട്ടിയെ പിതാവിന്റെ അടുത്തുനിന്നു മാറ്റിത്താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു.

കേസില്‍ ആരോപണ വിധേയയായ മുപ്പത്തിയഞ്ചുകാരിയായ അമ്മയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പരാതി നല്‍കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അതിനപ്പുറം മാനങ്ങളുള്ള കേസാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഇതു തള്ളിയാണ് കോടതി വിധി.