സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പലയിടങ്ങളിലും രോഗ വ്യാപന തോത് വളരെ കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. പൂർണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ മാത്രമേ രോഗവ്യാപനം കുറക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

വീണ്ടുമൊരു ലോക്ക് ഡൗൺ മനുഷ്യ സമൂഹത്തെ ബാധിക്കും. കേന്ദ്രം അൺലോക്ക് ആരംഭിച്ചതോടെ സംസ്ഥാനത്തും ഇളവുകൾ കൊണ്ടുവന്നു. കേരളത്തിൽ നിബന്ധനകൾ ആളുകൾ അനുസരിച്ചു. അതുകൊണ്ട് കേസുകൾ കുറക്കാൻ സാധിച്ചു. സമരങ്ങളും തെരഞ്ഞെടുപ്പും രോഗ വ്യാപന സാഹചര്യം വർധിപ്പിച്ചെന്നും തെരഞ്ഞെടുപ്പിന് ശേഷം കൊറോണ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു വർഷക്കാലം നിയന്ത്രണങ്ങൾ തുടരാൻ സാധിച്ചത് കൊണ്ട് കേസുകളുടെ എണ്ണം പിടിച്ചു നിർത്താൻ കഴിഞ്ഞു. കേസുകളുടെ എണ്ണം വർധിച്ചാലും മരണനിരക്ക് അര ശതമാനത്തിന് താഴെ നിർത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാൻ തുടങ്ങിയത് കൊണ്ട് മാസ്‌കും സാനിറ്റൈസറും ഒഴിവാക്കരുതെന്നും മാനദണ്ഡങ്ങൾ കൃത്യമായി തന്നെ പാലിക്കണമെന്നും ശൈലജ വ്യക്തമാക്കി.